Sunday, May 8, 2011

അഹം ബ്രഹ്മാസ്മി  


"ആരാ? എവിടന്നാ?"

 വേനല്‍ മഴ ഇറുത്തെറിഞ്ഞ മഞ്ഞക്കുടമണി മൊട്ടുകള്‍ ചവിട്ടി മുറ്റത്തെ കണിക്കൊന്ന മരവും കടന്ന് വീടിന്‍റെ ഉമ്മറത്തെത്തിയ എന്നെ, തെല്ലൊന്ന് അമ്പരപ്പിച്ച്കൊണ്ട് അച്ഛന്‍റെ ശബ്ദം. ഞാന്‍ അച്ഛനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഭാവഭേദമൊന്നും ഇല്ല. നിസ്സഹായമായ ഗാംഭീര്യത്തോടെ തന്‍റെ മടകാക്കുന്ന വയസ്സന്‍ സിംഹത്തെപ്പോലെ അച്ഛന്‍ എന്നെത്തന്നെ തുറിച്ചുനോക്കി ഇരിപ്പാണ്. അകത്തുനിന്നും ഉത്കണ്ഠയുടെ കാല്‍പ്പെരുമാറ്റം ഉമ്മറത്തേക്കൊടിവരുന്നു. ഓരോ കാലടിയിലും കരുതലിന്‍റെ, ഭയത്തിന്‍റെ, ഏകാന്തതയുടെ, നിസ്സഹായതയുടെ മാറ്റൊലി കേള്‍ക്കാം. ഇരുട്ടില്‍ നിന്നും അറണ്ട സന്ധ്യയിലേക്ക് അമ്മ എത്തി. മുറ്റത്ത് ഞാനാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തില്‍, തിരിച്ചുകിട്ടിയ ആശ്രയത്തിന്‍റെ ശക്തി അമ്മമുഖത്ത് തെളിഞ്ഞു. ഒരു നിമിഷത്തില്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ സ്ത്രീയായി അമ്മ അച്ചനോട് പറഞ്ഞു, "സുധാകരനാ..."
 
 **************************************************************************************************
 സര്‍ക്കാരാശുപത്രിയുടെ പരാധീനതകളുടെ പ്രതീകമായ ഒരു പൊളിഞ്ഞ ബെഞ്ചില്‍ ഇരിക്കുന്ന പുരുഷനോട് നേഴ്സ് പറഞ്ഞു, "അകത്തേക്ക് ചെല്ലാം."
 അമ്മയെന്ന സ്വര്‍ഗതില്‍നിന്നും വേര്‍പെട്ട് ഭൂമിയിലെ ആദ്യ സുഷുപ്തിയില്‍ ലയിച്ച കുഞ്ഞിനെ ചൂണ്ടി അമ്മ പറഞ്ഞു, "നമ്മുടെ മോന്‍..."
 ആ പുരുഷന്‍ അച്ഛനാവുന്നു.
 
 ***************************************************************************************************
 ജീവിതത്തിലെ ഓരോ പടവുകളിലും പ്രത്യക്ഷ കവചമായി അമ്മയുടെ സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജീവിതത്തിന്‍റെ പാഠം പക്ഷെ അച്ഛനെന്ന പുസ്തകമാണ് പഠിപ്പിച്ചത്. ചിന്ത കൊണ്ടും, സംവാദങ്ങള്‍ കൊണ്ടും മനുഷ്യനെന്ന ദിവ്യജന്മത്തിന്‍റെ ഔന്നിത്യം സ്വജീവിതംകൊണ്ട് പഠിപ്പിക്കുകയായിരിന്നു അച്ഛന്‍. അദ്ദേഹം ഒരിക്കലും പൂര്‍ണനായി എനിക്കുമുന്നില്‍ നിലകൊണ്ടില്ല. ആ അപൂര്‍ണതകളില്‍ നിന്നും പഠിക്കാന്‍ അച്ഛന്‍ എനിക്ക് സ്വാതന്ത്ര്യം തന്നു. തുറസ്സായ മനസ്സും മാനവികതയിലതിഷ്ടിതമായ ചിന്തകള്‍ കൊണ്ടും വളരാന്‍ അച്ഛന്‍ പ്രേരണയായി.
 
 ***************************************************************************************************
 "ഈ ജോലിക്ക് നിങ്ങളോളം പ്രാപ്തിയുള്ള മറ്റുള്ളവരില്‍നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത് എന്താണ്?"
 "മുന്‍വിധികളില്ലാത്ത ചിന്തയും, ജീവിതത്തെ നേരിടാനുള്ള ആത്മധൈര്യവും."

 പഠിച്ചുവച്ചത് പോലെതന്നെ, എന്നാല്‍ തികഞ്ഞ ആത്മവിശ്വാസം തോന്നിക്കുമാറ് മറുപടി നല്‍കി. ജീവിതത്തോട് മല്ലിടാനും ചിന്തകള്‍ കൂര്‍പ്പിച്ച് മനുഷ്യരാശിയുടെ നന്മക്കുതകുമാറ് പ്രവര്‍ത്തികക്കുവാനും ഒന്നിന്നും എനിക്കന്ന് താത്പര്യമുണ്ടായിരുന്നില്ല. എങ്ങനേയും ഉന്നത പദവിയിലുള്ള ഒരു ജോലി, അവിടന്ന് പിന്നെ ജീവിതത്തിന്‍റെ ഓരോ പടവുകള്‍; ലക്ഷ്യങ്ങലെല്ലാം വ്യക്തമയിരിന്നു.

"Life is pulling me into it, rather than I leading it." ഒരിക്കല്‍ ഞാന്‍ അച്ചനെഴുതി.


 *****************************************************************************************************

  "സുധര്‍മ്മേടെ മകളെ ഒടുവിലവര് ആ മാര്‍വാഡി ചെക്കനുതന്നെ കൊടുക്കാന്‍ തീരുമാനിച്ചത്രെ! അവളിന്നലെ വിളിച്ചിരിന്നു. കല്യാണവും മറ്റും അവിടെ വച്ചായിരിക്കും. ഫോട്ടോ അയച്ചു തരാന്ന് പറഞ്ഞു. എനിക്ക് കാണണമെന്നുണ്ടായിരിന്നു സുധാകരാ... എത്രയായാലും എന്‍റെ പേരക്കുട്ടിടെ കല്യാണമല്ലേ? 18 ആകുന്നതേ ഉള്ളൂ വീണമോള്‍ക്ക്‌. ഇനിപ്പോ പഴയ ജാതിം കുലോം ഒക്കെ ആരു നോക്കുന്നു? നിന്‍റെ അനുജന്‍ സുധീരന്‍ ഒരു പാകിസ്ഥാനിയെ വിവാഹംചെയ്തപ്പോള്‍ ഉണ്ടായപോലത്തെ വിഷമമൊന്നും ഇല്ല ഇപ്പൊ. ആയിടെ കണ്ടതാ അച്ഛനവനെ അവസാനമായി. അവന്‍റെ കുട്ടികള്‍ക്കൊന്നും നമ്മടെ ഭാഷ അറിയില്ലാത്രേ!അവരടെ അമ്മേടെ ഭാഷേം അറിയില്ലാന്ന്. ഇംഗ്ലീഷ്കാരോടൊപ്പം, പാവം കുട്ടികള്‍..."
 
  അമ്മക്ക് പറയാന്‍ ഒരുപാടുണ്ടായിരിന്നു.
  പുറത്ത് വീണ്ടും മഴ.
 
 ******************************************************************************************************
 "ഈ റോഡ്‌ ഒന്ന് വെടിപ്പാക്കിയിരുന്നെങ്കില്‍ മുറ്റംവരെ വണ്ടി വന്നേനെ. പഞ്ചായത്തീന്ന് ഒരാളും തിരിഞ്ഞു നോക്കാനില്ല. തൊഴിലുറപ്പിന് വരണ സ്ത്രീകള് വെടിപ്പാക്കിയിടണോണ്ട് ഇത്രെങ്കിലും. അടുത്തവീടുകളിലും ആരും ഇല്ല സുധാകരാ. എല്ലാപേര്‍ക്കും ഇപ്പൊ പുറത്തും പട്ടണത്തിലുമൊക്കെ നല്ല ജോലിയുണ്ട്. ഒക്കേം വീടും വാടകക്കാ. ബീഹാറികളും ഹിന്ദിക്കാരും വന്നു താമസിക്ക്യാ. ചിലതിന്‍റെയൊക്കെ നോട്ടം തന്നെ പേടിപ്പെടുത്തും. കള്ളന്‍മാരുടെ ശല്യം ഉണ്ടെന്നാ കേള്‍ക്കണേ. അച്ഛനിപ്പോ ഓര്‍മ തീരേയില്ല. ഇരുട്ടിയാല്‍ വെളുക്കണവരെ എനിക്കുറക്കം കിട്ടണില്ല..."

 അമ്മക്ക് ആകുലതകളും പരിഭവങ്ങളും തീരുന്നില്ല. ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ദൂരേക്ക്‌ നോക്കിക്കിടക്കുന്നു.

 "അടുത്തമാസം വരുമ്പോ നീ അവളേം കുട്ടികളേം കൂട്ടില്ലേ?"
 
 ******************************************************************************************************
 "അമ്മെടവിടുന്നു കഴിച്ചിട്ടാണോ സുധാകരേട്ടന്‍ വന്നെ? ഭക്ഷണം എടുത്തു വയ്ക്കട്ടെ?"
 "അച്ഛാ, I'm going to complaint against Rohit. അവനിന്ന് എന്നെ ഒരുപാട് കളിയാക്കി. He is an IDIOT."
 "നമുക്ക് തീര്‍ച്ചയായും, next week അച്ഛന്‍റെ വീട്ടില്‍ പോകാം മോളേ!"

 അനവസരത്തില്‍ എന്തോ കേട്ടതുപോലെ അവളെന്നെ നോക്കി. എന്നിട്ട് വിളിച്ചു പറഞ്ഞുകൊണ്ടോടിപ്പോയി,
 "അമ്മേ! അച്ഛനിന്നും sentiയാണ്..."
 ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സഹധര്‍മിണി അകത്തേക്ക്.

 ഈ വീട്ടില്‍ ഞാന്‍ മകനല്ല; അച്ഛനാണ്.
 
 ******************************************************************************************************
 "സൂക്ഷിച്ചു പോണം, കേട്ടോ?" അമ്മയുടെ കരുതല്‍ പിന്‍വിളിയായി, ശക്തിയായി കൂടെ.
 യാത്ര പറയുമ്പോള്‍ അച്ഛന്‍ വീണ്ടും ചോദിച്ചു, "ആരാ? എവിടന്നാ?"

 ഞാന്‍... ഞാന്‍ ആരാണ്?
 ബുദ്ധനും ജൈനനും ശങ്കരനും സ്വയം ചോദിച്ച ചോദ്യം. ആരാണ് താന്‍ എന്ന അറിവ് മനുഷ്യജീവിതത്തെ ധന്യവും പൂര്‍ണവുമാക്കുന്നു.
 എന്നാല്‍, അവരെപ്പോലെ ഞാന്‍ ജീവിതത്തിന്‍റെ സത്യന്വേഷണത്തിനിറങ്ങിയതല്ല. എന്നെ ഞാനക്കുന്നത്, അത് നിങ്ങളാണ്.  നിങ്ങളോടൊത്ത് ഞാന്‍ സനാധനനാണ്.
 ഞാന്‍, ഞാന്‍ നിങ്ങളുടെ മകനാണ്.