Thursday, January 27, 2011

വയലറ്റ്‌ പൂക്കള്‍  

വയലറ്റ് പുഷ്പങ്ങള്‍ക്ക് ഇത്രക്ക് ക്ഷാമമുണ്ടോ? എവിടെനിന്നെങ്കിലും കുറച്ച് പൂക്കള്‍ സംഘടിക്കാന്‍ അവനെന്താണിത്ര വിഷമം?


*******************************************************************************


അവന്‍ വരുന്നുണ്ട്‌. പാവം, പ്രാകൃതമായ വേഷം. വിരഹം അവനെ ഇത്രക്ക് തകര്‍ത്തോ? എന്താണ് അവന്‍ കൊണ്ടുവന്നിട്ടുള്ളത്? ഓഹോ... തേടിയലഞ്ഞു നിനക്ക് ഈ നീലപ്പൂക്കള്‍ മാത്രമേ കിട്ടിയുള്ളോ? ഞാന്‍ പിണങ്ങി എന്നുപറഞ്ഞു മുഖം വെട്ടിച്ചു എന്നത്തേയും പോലെ അവനെ എന്റെ ചുറ്റും നിറുത്താം, പരിഭവം അഭിനയിച്ചു. പക്ഷെ, എങ്ങനെ? അവന്റെ ആ ക്ഷീണിച്ച മുഖം കണ്ടില്ലേ? എങ്ങനെ അതില്‍ നോക്കി 'ഞാന്‍ നിന്നോട് പിണക്കമാണ്‌' എന്ന് പറയും? അത്രക്ക് തളര്ച്ചയുണ്ട് ആ മുഖത്ത്.


എന്താണിത്? ഒന്നും മിണ്ടാതെ നീ ഈ പൂക്കള്‍ നല്‍കി മൌനമായി മാറി നില്‍ക്കുന്നോ? നിനക്ക് എന്റെ പേര് മറന്നു പോയോ? അതോ എന്റെ ചെറിയ ഭ്രാന്തുകള്‍ നിന്നിലും മടുപ്പുണ്ടാക്കി തുടങ്ങിയോ? ഇങ്ങനെ എന്നില്‍നിന്നും അകന്നു നില്ക്കാന്‍ ഞാന്‍ നിനക്ക് അത്രമേല്‍ അന്യയോ? നീ ക്ഷീണിതനാണ്. എനിക്കിപ്പോള്‍ ശരിക്കും വിഷമം തോന്നുന്നുണ്ട്.വയലറ്റ് പുഷപങ്ങള്‍ക്കായി വാശിപിടിക്കെണ്ടിയിരുന്നില്ല.

*********************************************************************************


ഒക്ടോബര്‍ 14; ഇന്നെന്റെ ജന്മദിനമാണ്. അതോര്‍ക്കുന്നവരെല്ലാം ആശംസകള്‍ നേര്‍ന്നു. അവന്‍ മാത്രം മിണ്ടിയില്ല. ഇളം കറുപ്പ്‌ കൃഷ്ണമണികള്‍ ചലിപ്പിച്ചു എന്നെ അവന്‍ നോക്കുന്നുണ്ട്. അവസാനത്തെ ഊഴം കാക്കുകയാണ് അവന്‍. അതനെനിക്കും ഇഷ്ടം. ആരവങ്ങല്‍ക്കൊടുവില്‍ തനിയെ നാലഞ്ച് നിമിഷം. ഓഫീസില്‍ നിന്നും പുറപ്പെടുമ്പോള്‍ അവന്‍ ഓടിയെത്തി, എന്റെ അരുകിലേക്ക്. കൂടെ എത്താന്‍ ഞാന്‍ കാത്തു നിന്നു. അരുകില്‍ വന്ന് നിന്നപാടെ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി. കണ്ണുകളില്‍ തിരയിളക്കവും, ചുണ്ടുകളില്‍ നിഷ്കളങ്കമായ പുന്ചിരിയുമായി അവന്‍ ചോദിച്ചു, "നീ പറഞ്ഞില്ല, പിറന്നാള്‍ സമ്മാനം എന്താ വേണ്ടത് എന്റെ സ്നേഹയ്ക്ക്?". ചാറ്റല്‍ മഴയത്ത് എനിക്കരുകില്‍ നിന്നവന്‍ കിതപ്പോടുകൂടി ചോദിച്ചപ്പോള്‍ ഞാന്‍ അവന്റെ ഉയര്‍ന്നു താഴുന്ന ചുമലുകളിലേക്ക് നോക്കുകയായിരുന്നു.


എന്നത്തേയും പോലെ 'ഡെലിക്കസി'യില്‍ നിന്നും കാപ്പി കുടിക്കുമ്പോള്‍ അവന്‍ എന്നോട് തന്റെ സ്വപ്‌നങ്ങള്‍ പങ്കുവച്ചു. ആ സ്വപനങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന ദിവസത്തെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കു അവന്‍ എന്നോട് വീണ്ടു ചോദിച്ചു, "പറ, എന്താ വേണ്ടത് പിറന്നാള്‍ സമ്മാനമായി?" "വയലറ്റ് പൂക്കള്‍"; പെട്ടന്നായിരുന്നു എന്റെ മറുപടി. "പക്ഷെ ഇന്ന് വേണ്ട. ഏറ്റവും ഭംഗിയുള്ള ആ പൂക്കള്‍ തേടിപ്പിടിച്ചു നീ എനിക്ക് പിന്നെ തന്നാല്‍ മതി. വെറും വയലറ്റ്‌ പോരാ, തിളങ്ങുന്ന കറുപ്പ്‌ എന്ന് തോന്നുന്ന ഒരുപിടി പൂക്കള്‍. നീ തന്നെ എനിക്കവ തേടിക്കൊണ്ട് തരണം. പണ്ട് ഭീമസേനന്‍ കൊണ്ട് വന്നത് പോലെ, നീ തന്നെ എനിക്കത് തേടിക്കൊണ്ട് തരണം. പിറന്നാള്‍ സമ്മാനമായി എനിക്ക് മറ്റൊന്നും വേണ്ട. പക്ഷെ അന്ന് നീ ഇതുപോലെ മാറി നില്‍ക്കരുത്. ഒന്നാമനായി നീ എന്റെയരുകില്‍ വരണം. തിളങ്ങുന്ന ചുമന്ന കോടിയുടുത്തു ഞാന്‍ പൂക്കള്‍ ചൂടി കാത്തിരിക്കും; നീ കൊണ്ട് വരുന്ന ഏവരേം അമ്പരിപ്പിക്കുന്ന വയലറ്റ്‌ പുഷ്പങ്ങല്‍ക്കായി. അന്ന് നീ എന്നെ സ്നേഹപൂര്‍വ്വം ചുംബിക്കണം, ലോകം കാണ്‍കെ." "നിനക്ക് ഭ്രാന്താണ് സ്നേഹ." ബില്ലിനുള്ള പണമടച്ചു എനിക്ക് ഒരു ചോക്കലേറ്റ് സമ്മാനിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, ഞാന്‍ കൊടുത്ത സമ്മാനം തുറന്നും അവന്‍ പറഞ്ഞു.



******************************************************************************


എനിക്കിപ്പോള്‍ നല്ല കുറ്റബോധം തോന്നുന്നുണ്ട്. വിജയത്തിന്റെ വയലറ്റ് പുഷ്പങ്ങളുമായ് അവന്‍ വരും എന്നെനിക്കുറപ്പായിരുന്നു. പക്ഷെ കാത്തിരിക്കാന്‍ എനിക്കായില്ല. അവനു മുന്നേ സുന്ദരനായ മറ്റൊരുവന്‍ എനിക്കായി ഇന്നലെ വയലറ്റ് പൂക്കള്‍ കൊണ്ടുവന്നു. എന്റെ ചുണ്ടുകളില്‍ അവന്‍ ദീര്‍ഘമായി ചുംബിച്ചു. എന്നിലെ രക്തമയം ഇല്ലാതാക്കി അവന്‍ എന്നെ സ്വന്തംക്കുമ്പോള്‍, എന്റെ പ്രിയനു ഞാന്‍ അപ്രാപ്യയായി. നിറഞ്ഞ ആരവത്തിന് നടുവില്‍, എന്റെ പ്രിയനെ ഒന്ന് പുണരാന്‍, ഒരു യാത്ര ചോദിയ്ക്കാന്‍ എനിക്കവുന്നില്ലല്ലോ! എന്തിനു നീ എന്നോട് പിണങ്ങി മാറി നില്‍ക്കുന്നു? എന്റെ അപരാധം നിനക്ക് പൊറുക്കുവാനകുന്നില്ലേ? ക്ഷമിക്കുക, കഴിയുമെങ്കില്‍ എന്ന്റെ തെറ്റിനെന്നോട് പൊറുക്കുക. മരണത്തിന്റെ കടും വയലറ്റ് നിറം എനിക്കത്രമേല്‍ ഇഷ്ടമായിരുന്നു. അതുമായി 'അവന്‍' വന്നുവിളിച്ചപ്പോള്‍ അവന്റെ മണവാട്ടിയായി ഞാന്‍ യാത്രയാകുന്നു. നഷ്ടങ്ങളുടെ കണക്കെനിക്കിപ്പോള്‍ അറിയില്ല; ലാഭമായി നീ തന്ന സ്വപ്‌നങ്ങള്‍ മാത്രം.



******************************************************************************


ഇപ്പോള്‍ ഇവിടെക്കാരും വരാറില്ല; ഉറ്റവരും ഉടയവരും, ആരും. വരാറുള്ളത് അവന്‍ മാത്രമാണ്, കൈ നിറയെ വയലറ്റ് പൂക്കളുമായി. കൊഴിഞ്ഞുപോയ സ്വപ്‌നങ്ങള്‍ വാടിത്തളര്‍ത്തിയ കണ്ണുകളില്‍ നിന്നും തുള്ളികള്‍ എന്നിലെക്കാതപിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതാണ് പതിവ്. എന്നും ഞാന്‍ കേഴുന്നത് അവന്‍ നാളെ മടങ്ങിവരരുത് എന്ന്നാണ്.വയലെറ്റ്‌ പൂക്കളെ വെറുക്കുന്ന മറ്റേതെങ്കിലും സ്നേഹ അവന്റെ സ്വപ്നങ്ങളെ പുനര്‍ജനിപ്പിക്കണേ എന്നാണ്.




******************************************************************************


ഇന്ന് ഒക്ടോബര്‍ 14; മറ്റേതുദിവസത്തേക്കാളും അവന്റെ സാമീപ്യം ഞാന്‍ കൊതിക്കുന്ന ദിവസം. മറ്റൊരു ദിവസവും അവനെ ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ന് ഒക്ടോബര്‍ 14, എന്റേയും അവന്റേയും ജന്മദിനം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ വയലറ്റ്‌ പൂക്കള്‍

  • Anand Sivadas
    January 27, 2011 at 10:00 AM  

    8 വര്‍ഷങ്ങള്‍ക്കുമുന്നെ എഴുതിയ ഒരു കഥ. മുന്‍പൊരിക്കല്‍ ഇവിടെ പോസ്റ്റ്‌ ചെയ്തു പിന്നീട് എടുത്തു കളഞ്ഞതാണ്. 'നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി' എന്ന തലക്കെട്ടില്‍ മാതൃഭൂമിയിലെ 'ഓര്‍മ' എന്നെ ഇതിവിടെ വീണ്ടും ഇടാന്‍ പ്രേരിപ്പിക്കുന്നു.


    "മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം." (http://www.mathrubhumi.com/books/story.php?id=524&cat_id=503)